മാതൃഭാഷാ പഠനം- വിദ്യാലയങ്ങളിലും കലാലയങ്ങളിലും

മാതൃഭാഷാ പഠനം - വിദ്യാലയങ്ങളിലും കലാലയങ്ങളിലും

    മലയാളത്തിലെ 51 അക്ഷരങ്ങള്‍ പൂഴിമണലില്‍ കൈവിരല്‍ കൊണ്ട് ഹരിശ്രീ കുറിച്ചിരുന്ന ആശാന്‍മാരില്‍നിന്ന് സാര്‍വ്വത്രികമായ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഔപചാരികതയിലേക്കും വിദ്യാഭ്യാസത്തിന്റെ ദാര്‍ശനിക മന:ശാസ്ത്ര-സാമൂഹ്യശാസ്ത്ര ഭൂമികയില്‍നിന്നുകൊണ്ട് രൂപം കൊടുത്ത പാഠപുസ്തകത്തിലെക്കും മാറിയിട്ട് കാലമേറെയായി.  മാറി മാറിവരുന്ന സര്‍ക്കാരുകള്‍ അവരുടെ നയമനുസരിച്ച് പാഠപുസ്തകങ്ങള്‍ മാറ്റുമ്പോള്‍ വിദ്യാഭ്യാസം അക്കാദമികം എന്നതിനേക്കാള്‍ രാഷ്ട്രീയമായി മാറുന്നു.  മാറ്റങ്ങളിലൂടെ ഓടിയും ഇഴഞ്ഞും മുടന്തിയും ചലിച്ചുകൊണ്ടിരിക്കുന്ന മാതൃഭാഷാപഠനത്തെ വിശകലനം ചെയ്യുകയാണ് ഈ പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്.

    അക്ഷരങ്ങളുടെ കേവലവും യാന്ത്രികവുമായ അഭ്യസനത്തെ അര്‍ത്ഥപൂര്‍ണ്ണവും സ്വാഭാവികവുമായ ഭാഷാപഠനം കൊണ്ട് നേരിട്ടതിന്റെ ഫലമാണ് ഒന്നാം ക്ലാസ്സിലെ തറ, പന പാഠപുസ്തകവും പിന്നീടുവന്ന ആനയും ആമയും പാഠപുസ്തകവും ആദ്യം പദങ്ങളില്‍നിന്ന് അക്ഷരങ്ങളിലേക്കും പിന്നീട് ആശയത്തില്‍നിന്ന് അഥവാ കഥയില്‍നിന്നും കവിതയില്‍നിന്നും അക്ഷരങ്ങളിലേക്കും വരുന്ന പാഠാവതരണ രീതികള്‍ പാഠപുസ്തകം അവലംബിച്ചു. പാഠപുസ്തകങ്ങള്‍ ശിശുസൗഹൃദമായതും ഭാഷാപഠനം സക്രിയമായതും കുട്ടിയുടെ രചനകള്‍കൊണ്ട് ക്ലാസ്സ് മുറികള്‍ സമ്പന്നമായതും പുതിയ രീതിശാസ്ത്രത്തിന്റെ ഗുണഫലങ്ങളായി. പഴയ ലിപിയും കൂട്ടക്ഷരങ്ങളും വിദ്യാലയത്തില്‍ നിന്ന് പടിയിറങ്ങിയതും കുട്ടികള്‍ യുക്തം പോലെ അക്ഷരങ്ങള്‍ എഴുതിയതും അക്ഷരത്തെറ്റുകള്‍ വ്യാപകമായതും എല്ലാവരുടെയും വിമര്‍ശനങ്ങള്‍ക്കിടയാക്കി.  ഡി.പി.ഇ.പി. യുടെ കാലഘട്ടത്തില്‍ കളിരീതിക്ക് കിട്ടിയ ഊന്നലും കുട്ടിയുടെ സ്വാതന്ത്ര്യത്തിനും ക്ലാസ്സ് മുറിയുടെ ജനാധിപത്യസ്വഭാവത്തിനും നല്‍കിയ ഊന്നലും സ്വീകാര്യതയും തെറ്റുകള്‍ കൂട്ടി പിന്നീട് മനസ്സിലാക്കി സ്വയം തിരുത്തിക്കൊള്ളുമെന്ന ദര്‍ശനവും സൃഷ്ടിച്ച ഉദാസീനതയുടെ ഉല്പന്നങ്ങളായിരുന്നു ഈ പരിമിതകള്‍.  വീട്ടില്‍നിന്നും വിദ്യാലയത്തിലെത്തുന്ന പ്രാഥമിക ക്ലാസ്സുകളിലെ കുട്ടിക്ക് തന്റെ പരിസരത്തിന്റെ തുടര്‍ച്ചയായി തന്നെ വിദ്യാലയവും അനുഭവപ്പെടണം.  കുട്ടി ലോകത്തെ നോക്കി കാണുന്നത് ഭാഷയായോ ശാസ്ത്രമായോ ഗണിതമായോ അല്ല സമഗ്രമായാണ്. മഴയെ അനുഭവിക്കുന്ന, ആ അനുഭവത്തെ കുറിച്ച് സംസാരിക്കുന്ന കുട്ടിയില്‍ ഈ അന്തര്‍ വൈജ്ഞാനികത സ്പഷ്ടവുമാണ്. ഈയൊരു ദര്‍ശനത്തില്‍ നിന്നുകൊണ്ടാണ് ഒന്നുരണ്ട് ക്ലാസ്സുകളില്‍ ഉദ്ഗ്രഥിത സമീപനം പാഠപുസ്തകങ്ങള്‍ സ്വീകരിച്ചത്.  ഭാഷയെയും ഗണിതത്തെയും പരിസരപഠനത്തെയും സ്വാഭാവികമായി ഉദ്ഗ്രഥിക്കാനുള്ള ഉപായമായി ആഖ്യാനം (ചമൃമശേീി) സ്വീകരിച്ചു.  2008-നു ശേഷം വന്ന പാഠപുസ്തകങ്ങള്‍ക്ക് ഉദ്ഗ്രഥിത സമീപനത്തിന്റെയും ആഖ്യാനത്തിന്റെയും ശക്തിയും ആര്‍ജ്ജവവും ഉണ്ടായിരുന്നു.  ആഖ്യാനം ക്ലാസ്സ് മുറികള്‍ സ്വതന്ത്രമായ ചിന്തയ്ക്കും ഭാഷണത്തിനും രചനയ്ക്കും അവസരമൊരുക്കി.  ആഖ്യാനത്തിനിടയ്ക്കു സൃഷ്ടിക്കുന്ന ചിന്തോദ്ദീപകവും വൈകാരികവുമായ  സന്ദര്‍ഭങ്ങള്‍ വിവിധ വ്യവഹാരങ്ങളിലേക്ക് വിഷയവ്യത്യാസബോധം കൂടാതെ സ്വാഭാവികമായി കടന്നുചെല്ലാനുള്ള രാസത്വരകമായി മാറി. ആശയം + ആഖ്യാനം + ഉദ്ഗ്രഥനം എന്നത് പാഠപുസ്തകത്തിന്റെയും ചോദ്യക്കടലാസിന്റെയും നിര്‍മ്മിതിക്കുള്ള അടിസ്ഥാനമായി സ്വീകരിക്കപ്പെട്ടു. രചനയുടെ സര്‍ഗ്ഗാത്മകതലവും ഭാഷയുടെ പ്രകടന തലങ്ങളും ആഴത്തിലും പരപ്പിലും ക്ലാസ്സ് മുറിയെ ജൈവികമാക്കിയപ്പോഴും അക്ഷരബോധത്തിന്റെയും സ്ഫുടതയുടെയും പ്രശ്‌നങ്ങള്‍ മുഴച്ചുനിന്നത് രീതിശാസ്ത്ര പിഴയായി വ്യാപകമായി വിമര്‍ശിക്കപ്പെട്ടു.  ക്ലാസ്സ് മുറിയ്ക്കകത്തെ നിരക്ഷരതയെ ഇല്ലാതാക്കാനാണ് 'എഡിറ്റിംഗ്' എന്ന ഭാഷാ നവീകരണശ്രമത്തെ 2010-കളില്‍ രീതിശാസ്ത്രത്തിന്റെ ഭാഗമാക്കി മാറ്റുന്നത്.  എല്ലാ രചനാഭ്യാസങ്ങളിലും ഭാഷാക്ലാസ്സുകളില്‍ 'ടീച്ചേഴ്‌സ് വെര്‍ഷന്‍' അഥവാ അധ്യാപകന്റെ മാതൃക ഉണ്ടാകണമെന്നത് നിര്‍ദ്ദേശിക്കപ്പെട്ടു. രചനകള്‍ വ്യക്തിപരമായും ഗ്രൂപ്പിലും ക്ലാസ്സില്‍ പൊതുവായും എഡിറ്റിംഗിന് വിധേയമാക്കണമെന്നത് പഠനപ്രക്രിയകളുടെ ഭാഗമാക്കി മാറ്റി.  ക്ലാസ്സ് മുറിയിലെ പിരീഡുകളുടെ ദൈര്‍ഘ്യക്കുറവും ഹോം വര്‍ക്ക് ചെയ്യാനുള്ള മടി മൂലം അധ്യാപകന്റെ മാതൃകകള്‍ ഏട്ടില്‍ മാത്രം ഒതുങ്ങിയത് എഡിറ്റിംഗ് പ്രക്രിയ ക്ലാസ്സ് മുറിയില്‍ ഫലപ്രദമായി നടക്കാതിരിക്കാന്‍ കാരണമായി.  പുതിയ പാഠ്യപദ്ധതിയുടെ സദ്ഫലങ്ങളേക്കാള്‍ അതിന്റെ പരിമിതികള്‍ക്ക് വ്യാപകമായ പ്രചാരണം ലഭിച്ചു.

    ഭാഷ അനുഭവമാകുന്നതും വിനിമയം ചെയ്യുന്നതും വ്യവഹാരരൂപങ്ങളലൂടെയാണ് (ഉശരെീൗൃലെ) എന്നതിനാല്‍ വിദ്യാലയങ്ങളില്‍ ഭാഷാശേഷി വികസനത്തിനായി വ്യവഹാരരൂപത്തിലധിഷ്ഠിതമായ ഭാഷാപഠനരീതിയാണ് സ്വീക രിക്കപ്പെട്ടത്. ഭാഷാനൈപുണികള്‍ സൂക്ഷ്മമായി വിശകലനം ചെയ്യാനും വികസിപ്പിക്കാനും വിലയിരുത്താനും ഈ രീതി സഹായകമായി. ഭാഷാശേഷിയെ പരമമായ ലക്ഷ്യമായി കാണുകയും ഈ ലക്ഷ്യം കൈവരിക്കാനുള്ള നിരവധി മാര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമായി പാഠപുസ്തകത്തെ കാണുകയും ചെയ്തത്.  ഈ ഘട്ടത്തിലെ ഭാഷാപഠനസമീപനത്തിന്റെ വിപ്ലവകരമായ കാല്‍വെപ്പായിരുന്നു. ഭാഷാശേഷികളെ പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ നിന്ന് മോചിപ്പിക്കാനായി എന്നത് ശ്രദ്ധേയമായ മാറ്റമായിരുന്നു. മൂല്യനിര്‍ണ്ണയം പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തെ പരോക്ഷമായി മാത്രം ആശ്രയിക്കുകയും മുഖ്യ ലക്ഷ്യമായി ഭാഷാശേഷിയെ കാണുകയും ചെയ്തുവെന്നത് അഭിലഷണീയമായ പരിപ്രവര്‍ത്തനമായിരുന്നു. ഒരേ വ്യവഹാര രൂപങ്ങള്‍ വിവിധ തലങ്ങളില്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതിന്റെ ആഴവും പരപ്പും നിശ്ചയിക്കാതെ പോയതും വ്യവഹാര രൂപങ്ങളെ ചിന്തനശേഷയുടെ അടിസ്ഥാനത്തില്‍ വിന്യസിക്കപ്പെടാതിരുന്നതും ഇതിന്റെ പരിമിതികളായി.  2008- മുതല്‍ 2014 വരെ നില നിന്ന പാഠപുസ്തകങ്ങളില്‍ ആശയങ്ങള്‍ക്കു പകരം പ്രശ്‌നങ്ങളെ കേന്ദ്രസ്ഥാനത്തേക്ക് കൊണ്ടുവന്നതിനാല്‍ ഭാഷാഫാഠപുസ്തകങ്ങള്‍ക്ക് അതിന്റെ സൗന്ദര്യാത്മക തലത്തേക്കാള്‍ സാമൂഹ്യശാസ്ത്ര പരിഗണനകള്‍ക്ക് ഊന്നല്‍ ലഭിച്ചുവെന്നത് ഈ ഘട്ടത്തിലെ ഭാഷാപഠനത്തിന്റെ പരിമിതിയായി.  മലയാളത്തിലെ ശ്രദ്ധേയരായ കവികളുടെ സൗന്ദര്യാത്മക രചനകള്‍ പടിയിറങ്ങുകയും ആശയപ്രധാനമായ പി.പി. രാമചന്ദ്രന്റെയും മോഹനകൃഷ്ണന്‍ കാലടിയുടെയും കവിതകള്‍ക്ക് പാഠ പുസ്തകങ്ങളില്‍ പ്രാമുഖ്യം ലഭിക്കുകയും ചെയ്തുവെന്നതാണ് അതിന്റെ ദുരന്ത ഫലം.
   
    2014 മുതല്‍ ആരംഭിക്കുന്ന പാഠപുസ്തക മാറ്റവും വിദ്യാലയങ്ങളിലെ മറ്റു പരിഷ്‌കാരങ്ങളും ഭാഷാപഠനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്. പ്രാഥമിക തലത്തില്‍ നിന്ന് ആഖ്യാനത്തെ പുറന്തള്ളിയും ഭാഷാശൈലികള്‍ക്ക് നല്‍കിയ ഊന്നല്‍ പാഠപുസ്തകത്തിലെ ഉള്ളടക്കത്തിലേക്ക് മാറ്റി സ്ഥാപിച്ചും ഇറങ്ങിയ നിലവിലെ പുസ്തകങ്ങള്‍ പ്രതിഫലിക്കുന്നത് പാഠപുസ്തകങ്ങളിലെ രാഷ്ട്രീയത്തെയാണ് ഭാഷാ പാഠപുസ്തകങ്ങളുടെ സാമൂഹ്യ ശാസ്ത്ര സ്വഭാവത്തെ ഒഴിവാക്കി സൗന്ദര്യാത്മക പാഠഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു വെന്നത് പുതിയ പാഠപുസ്തകങ്ങളുടെ പ്രധാന നേട്ടമായി എണ്ണാമെങ്കിലും ഭാഷാ പഠനസമീപനത്തില്‍ സ്വീകരിച്ച നിലപാടുകള്‍ ഭാഷാക്ലാസ്സുകളെ പിന്നോട്ട് നടത്തിക്കുമെന്നതില്‍ സംശയമില്ല.  40 മിനിട്ട് പിരിയഡുകളെ കലയുടെയും കായികത്തിന്റെയും കമ്പ്യൂട്ടറിന്റെയും പേരില്‍ 30 മിനിറ്റാക്കി ചുരുക്കിയ നടപടി ഭാഷാപഠന ക്ലാസ്സുകളിലെ എഡിറ്റിംഗ് പ്രക്രിയയുടെ കടയ്ക്കലാണ് കത്തിവെക്കുക.  ക്ലാസ്സ് മുറിക്കകത്തെ നിരക്ഷരത ഏറ്റവും വലിയ പ്രശ്‌നമായി നമുക്കഭിമുഖീകരിക്കേണ്ടതായി തന്നെ വരും.

കലാലയങ്ങളിലെ ഭാഷാപഠനം

    വിദ്യാലയങ്ങളിലെ ഭാഷാപഠനത്തിന്റെ വളര്‍ച്ചയോ തുടര്‍ച്ചയോ അല്ല കലായലങ്ങളിലെ ഭാഷാപഠനം. അത് ഒറ്റപ്പെട്ട ഒരു തുരുത്താണ്. വര്‍ഷാന്ത പരീക്ഷാ സമ്പ്രദായത്തില്‍ നിന്ന് സെമസ്റ്റര്‍ സംവിധാനത്തിലേക്കുള്ള ഘടനാപരമായ മാറ്റങ്ങളില്‍ ഒതുങ്ങുന്നവനാണ് അവിടത്തെ പരിഷ്‌കാരം. ഭാഷാശേഷികളുടെ വികസനത്തെ സംബന്ധിച്ചിടത്തോളം വിദ്യാലയത്തില്‍ നിന്ന് കലാലയത്തിലേക്കുള്ളത് മാറ്റമല്ല പതനമാണ് ഉള്ളടക്ക കേന്ദ്രീകൃതവും പരീക്ഷാ കേന്ദ്രീകൃതവുമായ അധ്യയനവും മൂല്യനിര്‍ണ്ണയവും വ്യവഹാര രൂപങ്ങള്‍ക്കു നല്‍കിയ പ്രാധാന്യമെന്നത് കോമണ്‍ കോഴ്‌സ് എന്ന രണ്ടാം ഭാഷാ പഠനത്തിലെ ഒരു മൊഡ്യൂളിലൊതുങ്ങും. ചര്‍ച്ചയ്‌ക്കോ സംവാദത്തിനോ ഭാഷയുടെ പ്രകടന രൂപങ്ങള്‍ക്കോ പാഠ്യ പദ്ധതിയില്‍ പ്രാമുഖ്യമില്ല. ചിന്തന പ്രക്രിയ പരിഗണനാവിഷയമോ മൂല്യനിര്‍ണ്ണയ സൂചകമോ അല്ല. സൗന്ദര്യശാസ്ത്രത്തിനോ സാമൂഹ്യശാസ്ത്രത്തിനോ പകരം കമ്പോളാധിഷ്ഠിത ഉപയുക്തത (ഡശേഹശ്യേ)യുടെ ദര്‍ശനമാണ് കേവലമായ പരിഷ്‌കാരങ്ങള്‍ക്കു പിന്നിലുള്ളത്.  ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രജ്ഞന്റെ ജീവചരിത്രവും ശാസ്ത്രലേഖനങ്ങളും പിന്നെ വിവര്‍ത്തന തത്ത്വങ്ങളും സാഹിത്യത്തിന്റെ അളവ് കുറഞ്ഞുകുറഞ്ഞു വരുന്നു. സാംസ്‌കാരിക പഠനങ്ങള്‍, സൈബര്‍ മലയാളം, വൈജ്ഞാനിക സാഹിത്യം എന്നിവ പാഠ്യപദ്ധതിയിലിടം നേടുന്നു.  വിമര്‍ശനാത്മക ചിന്ത, മൂല്യവിദ്യാഭ്യാസം, മാനസികമായ ഔന്നത്യം, സ്വതന്ത്ര ചിന്ത തൊഴില്‍ സാധ്യത എന്നീ ലക്ഷ്യങ്ങള്‍ക്കനുസൃതമായൊരു പാഠ്യപദ്ധതി കലാലയങ്ങളിലെ ഭാഷാപഠനക്ലാസ്സുകള്‍ക്കു വേണ്ടി ഇനിയെങ്കിലും രൂപപ്പെടേണ്ടതുണ്ട്.
Next PostNewer Post Previous PostOlder Post Home

0 comments:

Post a Comment