സാഹിത്യവും സങ്കല്പനവും

ധൈഷണികഭാഷാശാസ്ത്ര അപഗ്രഥനം

ശരത് ചന്ദ്രൻ, ഗവേഷകന്‍, മദ്രാസ് സര്‍വകലാശാല




           ധൈഷണികഭാഷാശാസ്ത്ര(Cognitive Lingustics)ത്തിന്റെ പരികല്പനകളുടെ അടിസ്ഥാനത്തിൽ പൊതുധൈഷണികവൃത്തികളുടെ ഭാഗമാണ് ഭാഷ. ഭാഷയെക്കുറിച്ചുള്ള അറിവ് ഭാഷാപ്രയോഗങ്ങളിൽ നിന്നാണ് ഉടലെടുക്കുന്നത്. വ്യാകരണം പോലും സങ്കല്പന(Conceptualisation)മാണെന്ന് ധൈഷണികഭാഷാശാസ്ത്രം വാദിക്കുന്നു. ഇത് ലോകത്തെ അറിയുന്നതിനുള്ള ഉപാധിയായും മാറുന്നു. ഭാഷയിലൂടെ ആവിഷ്കരിക്കുന്ന സങ്കല്പനങ്ങളാണ് ധൈഷണികഭാഷാശാസ്ത്രത്തിൽ അർഥത്തെ സ്യഷ്ടിക്കുന്നത്. സങ്കല്പനം എന്നാൽ വ്യക്തി തന്റെ ചുറ്റുപാടുമുള്ള കാര്യങ്ങളെ മനസ്സിലാക്കിയെടുക്കുന്ന പ്രക്രിയയാണ്. ഇന്ദ്രിയങ്ങൾ ഉപയോഗിച്ച് തങ്ങളുടെ ചുറ്റുപാടുകളുമായി ബന്ധിപ്പിച്ച് പുതിയ കാര്യങ്ങൾ ഉൾക്കൊള്ളുന്ന നിരവധി ധൈഷണികവൃത്തികളുടെ ഭാഗമായിട്ടു തന്നെയാണ് ഭാഷയെയും കാണുന്നത്. അതായത് ഭാഷ ആർജ്ജിക്കുവാനുള്ള മനുഷ്യമനസ്സിന്റെ കഴിവ് ധൈഷണികവൃത്തിയാണ്. സാഹിത്യത്തിൽ ഉപയോഗിക്കുന്ന ഭാഷയും ഇതിൽനിന്നും ഭിന്നമല്ല. ധൈഷണികഭാഷാശാസ്ത്രത്തിലെ പ്രധാനപ്പെട്ട പൊതുധൈഷണികവൃത്തികളിലൊന്നായി ജോർജ് ലക്കോഫ് അവതരിപ്പിക്കുന്ന സങ്കല്പനലക്ഷകസിദ്ധാന്ത(Conceptual Metaphor)മുപയോഗിച്ച് ചെറുകഥയിലെ ഭാഷയെക്കുറിച്ച് അപഗ്രഥനം ചെയ്യാനാണ് പ്രബന്ധം ശ്രമിക്കുന്നത്. അതിനായി തിരഞ്ഞെടുത്തിരിക്കുന്നത് ഉണ്ണി ആറിന്റെ 'നന്തനാരുടെ ആട്ടിൻകുട്ടി' എന്ന കഥയാണ്. ഇതിലൂടെ ഭാഷാശാസ്ത്രസിദ്ധാന്തങ്ങളുപയോഗിച്ച് സാഹിത്യത്തെ അപഗ്രഥനം നടത്തുന്നതിനും എഴുത്തുകാരന്റെ ഭാഷയെയും അതിലൂടെ അയാൾ സങ്കല്പനം ചെയ്യുന്ന ജ്ഞാന പശ്ചാത്തലത്തെക്കുറിച്ചും മനസ്സിലാക്കാൻ സാധിക്കുന്നു.
സങ്കല്പനലക്ഷകങ്ങൾ
മെറ്റഫർ എന്നതിനു സമാനമായി മലയാളത്തിൽ 'രൂപകം', 'സാരൂപ്യകല്പന' എന്നിങ്ങനെ ഉപയോഗിക്കാറുണ്ട്. ജോർജ് ലക്കോഫ് വ്യക്തമാക്കുന്ന മെറ്റഫറിന് ഒരു അലങ്കാരത്തെക്കാൾ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഇത് ഭാഷാപരമെന്നതിനേക്കാൾ സങ്കല്പനപരമാണെന്ന് ഡോ.പി.എം.ഗിരീഷ് ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം, 'രൂപകം', സാരൂപ്യകല്പന' എന്നീ പദങ്ങൾ ഇവിടെ യോജിക്കുകയില്ല എന്നും ചിന്തയുടെ ആവിഷ്കാരം സമ്പൂർണമാക്കുന്ന ലക്ഷണാവ്യാപാരത്തെ കുറിക്കാൻ ലക്ഷകം എന്ന പദമാണ് ലക്കോഫിന്റെ മെറ്റഫറിന് യോജിക്കുക എന്നും വ്യക്തമാക്കുന്നു (പി. എം. ഗിരീഷ്, 2012: 59-60). ധൈഷണികഭാഷാശാസ്ത്രത്തിന്റെ പ്രധാന പരികല്പനയായ ലക്ഷകങ്ങൾക്ക് രൂപകത്തെ അപേക്ഷിച്ച് രണ്ട് തലങ്ങളുണ്ടെന്നു കാണാം. സ്രോതസ്തലവും(Source Domain) ലക്ഷ്യതലവു(Target Domain)മാണവ. ലക്ഷകത്തിന്റെ വാച്യാർഥത്തിന്റെ ഉറവിടമാണ് സ്രോതസ്തലം. ലക്ഷകത്തിൽ ആവിഷ്കരിക്കപ്പെടുന്ന അനുഭവത്തിന്റേതാണ് ലക്ഷ്യതലം. ഇവ തമ്മിലുള്ള അടയാളപ്പെടുത്തലാണ് ലക്ഷകാത്മക ചിന്തയിൽ നടക്കുന്നത്. ഇത്തരം ലക്ഷകങ്ങൾ മനുഷ്യർ സ്യഷ്ടിക്കുന്നത് തങ്ങളുടെ പൂർവാനുഭവങ്ങളിൽ നിന്നാണ്. കഥയിൽനിന്നും ഒരു ഉദാഹരണമെടുത്ത് ഇത് വ്യക്തമാക്കാം. " അയാളുടെ മുഖത്ത് ഇപ്പോൾ വിടർന്നു പോയേക്കാവുന്ന ഒരു ചിരി ഉണ്ടായിരുന്നു " ( ഉണ്ണി ആർ. 2018, 106) എന്ന പ്രയോഗത്തിലെ വിടരുക എന്ന പദത്തിന്റെ സ്രോതസ്തലം ഒരു ചെടിയിലോ ഏതെങ്കിലും സസ്യത്തിലോ ഒരു പുഷ്പം വിടരുന്നതാണ്. ലക്ഷ്യതലമാകട്ടെ അയാളുടെ കൂടിച്ചേർന്നിരിക്കുന്ന ചുണ്ടുകൾ മെല്ലെ വിടർന്ന് ഭംഗിയുള്ള ഒരു ചിരിയായി മാറുന്നതുമാണ്. പൂവിന്റെ ഇദളുകളുമായി ബന്ധിപ്പിച്ചു കൊണ്ട് ചുണ്ടുകളെ കാണുകയും പ്രക്രിയയ്ക്കു ശേഷമുള്ള ഭംഗിയും കാണുന്നവരുടെ മനസ്സിന്റെ ആനന്ദവുമെല്ലാം ഇവിടെ സങ്കല്പനം ചെയ്തിരിക്കുന്നു. ഇവ തമ്മിലുള്ള കൂടിച്ചേരലിലൂടെയാണ് ഇവിടെ അർഥം സ്യഷ്ടിക്കുന്നത്. വിടരുക എന്ന ലക്ഷകത്തിന്റെ സ്രോതസ്സ് പ്രകൃതിയായതിനാൽ ഇത് പ്രകൃതിലക്ഷകമാണെന്നു പറയാം. ഇത്തരത്തിൽ ലക്ഷകങ്ങളെ ലക്കോഫ് പല തരത്തിൽ തരംതിരിച്ചിട്ടുണ്ട്. പാത്രലക്ഷകങ്ങൾ(Container Metaphor), സത്താപരമായലക്ഷകങ്ങൾ(Ontological Metaphor), ഘടനാത്മകലക്ഷകം(Structural Metaphor), ലക്ഷ്യലക്ഷകങ്ങൾ(Orientational Metaphor) എന്നിവയെല്ലാം ഉദാഹരണമാണ്.
അകം - പുറം വിന്യാസക്രമത്തിന്റെ അടിസ്ഥാനത്തിലുള്ള ലക്ഷകങ്ങളാണ് പാത്രലക്ഷകങ്ങൾ. തീവണ്ടി ആഫീസിൽ എന്ന പ്രയോഗം ഇതിനുദാഹരണമാണ്. ക്രിയ, സംഭവങ്ങൾ എന്നിവ ആവിഷ്കരിക്കുന്ന ലക്ഷകങ്ങളാണ് സത്താപരമായലക്ഷകം. "തീവണ്ടികൾ ചിലപ്പോൾ അവിദഗ്ദ്ധനായ ഒരു ഡോക്ടറെപ്പോലെ പെരുമാറിയെന്നു വരാം " എന്നത് ഉദാഹരണമാണ്. സ്രോതസ്തലം, ലക്ഷ്യതലം എന്നിങ്ങനെ രണ്ടു തലങ്ങളുള്ള ലക്ഷകങ്ങളാണ് ഘടനാത്മകലക്ഷകങ്ങൾ. ലക്ഷ്യലക്ഷകങ്ങളാകട്ടെ സ്ഥലപരമായ ആശയങ്ങളെ അവതരിപ്പിക്കുന്നതാണ്. ഉദാഹരണത്തിന്, "ഞാൻ നിരാശനാണ്'' എന്ന പ്രയോഗത്തിൽ നിരാശ എന്നത് താഴ്ന്ന / മോശം അവസ്ഥയായിട്ടാണ് മനസ്സിലാക്കുന്നത്. നേരെ മറിച്ച് സന്തോഷം ഉയർച്ചയും കയറ്റവുമാണ്.
ബിംബലക്ഷകങ്ങൾ
" ഒരു വസ്തുവിനെ മറ്റൊരു വസ്തുവുമായി ദൃശ്യപരമായി അടയാളപ്പെടുത്തുന്നതിനെയാണ് ജോർജ് ലക്കോഫ് ബിംബലക്ഷകം(Image Metaphor) എന്നുപറയുന്നത് " (പി. എം. ഗിരീഷ്, 2018: 90 ). ഇത് മുകളിൽ സൂചിപ്പിച്ച സങ്കല്പനലക്ഷകങ്ങളിൽനിന്നും വ്യത്യസ്തമാണ്. ഇതിന്റെ അടിസ്ഥാനമായിട്ടു കാണുന്നത് ദൃശ്യപരതയാണ്. ലോകബോധത്തെ അവതരിപ്പിക്കാനുള്ള കലാതന്ത്രങ്ങളിലൊന്ന് അനുയോജ്യമായ ബിംബലക്ഷകങ്ങൾ ഉപയോഗിക്കുക എന്നതാണ്. ഉപമയുൾപ്പെടെയുള്ള അലങ്കാരങ്ങളെ ബിംബലക്ഷകങ്ങളായി കാണാം. കാരണം ആന്തരികമായ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ യാഥാസ്ഥിതികമായ ഒരു ബിംബം യാഥാസ്ഥിതികമായ മറ്റൊരു ബിംബവുമായി ബന്ധപ്പെടുന്നതാണ് ബിംബലക്ഷകമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (പി. എം. ഗിരീഷ്, 2018: 91). ഒരു ദ്യശ്യവസ്തുവിനെ മറ്റൊരു ദൃശ്യവസ്തുവുമായി ബന്ധിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇവ അംശം- സാകല്യം (Part - whole Relation) എന്ന ബന്ധത്തെ ആവിഷ്കരിക്കുന്ന ഉപാദാനലക്ഷണ (Metonymy) യുടെ സ്വഭാവമാണ് കാണിക്കുന്നത്. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. "ഒരിക്കലും ഗുഹ വിട്ട് പുറത്തു വരാത്തൊരു ആദിമ മനുഷ്യനെപ്പോലെ തന്റെ ഏകാന്തതയിലത് തണുത്തു കിടക്കും" (105). ഇവിടെ ആദിമ മനുഷ്യൻ 'അംശ' വും ഏകാന്തത 'സാകല്യ'വുമാണ്. തന്റെ ഏകാന്തതയെക്കുറിച്ച് വ്യക്തമാക്കാൻ ശ്രമിക്കുന്ന കഥാക്യത്ത് ഗുഹവിട്ട് ഒരിക്കലും പുറത്തിറങ്ങാത്ത ഒരു ആദിമ മനുഷ്യനെ അംശമായി ചിത്രീകരിച്ചുകൊണ്ട് സ്വന്തം ഏകാന്തത അതിൽനിന്നും എത്രയോ വലുതാണ് എന്ന് വായനക്കാരെക്കൊണ്ട് സങ്കല്പനം ചെയ്യിക്കുന്നു. അതിനായി അദ്ദേഹം സ്വീകരിക്കുന്ന ഉപാധികളിലൊന്നായി ബിംബലക്ഷകം മാറുന്നു.
'നന്തനാരുടെ ആട്ടിൻകുട്ടി'യും ലക്ഷകഘടനയും
ഉത്തമപുരുഷനിൽ കഥ പറയുന്ന 'നന്തനാരുടെ ആട്ടിൻകുട്ടി' യിൽ ജീവിതത്തിൽ നിരാശനായി ഒന്നിനും ഉത്സാഹമില്ലാതെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച കഥാപാത്രത്തെയാണ് കാണുക. പല വഴികളും ആലോചിച്ച് ഒടുക്കം തീവണ്ടിയുടെ മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്ന അയാൾ ആളൊഴിഞ്ഞ ഒരു റെയിൽവേ സ്റ്റേഷനിൽ രാത്രി കാലത്ത് എത്തിച്ചേരുകയും, തീവണ്ടി കാത്തിരിക്കുന്ന വേളയിൽ ഒരപരിചിതൻ വന്ന് സംസാരിക്കുകയും ചെയ്യുന്നു. ഇയാൾ മരിക്കുന്നതിനായി വന്നതാണെന്ന് അറിഞ്ഞുകൊണ്ടു സംസാരിക്കുന്ന അപരിചിതൻ നന്തനാരുടെ ആട്ടിൻകുട്ടി എന്ന കഥയെക്കുറിച്ച് ചോദിക്കുകയും അതിലെ ആട്ടിൻകുട്ടി താനാണെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു. ഒടുക്കം ട്രയിൻ എത്തുമ്പോൾ അപരിചിതനായ അയാൾ ചാടി ആത്മഹത്യ ചെയ്യുന്നതുമാണ് കഥാസംഗ്രഹം. മുകളിൽ സൂചിപ്പിച്ച തരത്തിലുള്ള നിരവധി ലക്ഷകങ്ങളിലൂടെയുള്ള ആഖ്യാനമാണ് ഉണ്ണി ആർ. ഈ കഥയിൽ നടത്തിയിട്ടുള്ളത്. മറ്റ് പല പൂർവ ധാരണകളുമായി ബന്ധിപ്പിച്ചുകൊണ്ട് തനിക്കു പറയാനുള്ള കാര്യങ്ങൾ പറയുന്ന കഥാകൃത്ത് കഥയ്ക്കു നല്കിയിരിക്കുന്ന പേരു തന്നെ അത്തരത്തിലൊന്നാണ് എന്നത് ശ്രദ്ധേയമാണ്. നന്തരാരുടെ പ്രസിദ്ധമായ ഒരു ചെറുകഥയുമായി ബന്ധിപ്പിച്ചുകൊണ്ട് തന്റെ കഥ പറയുന്നു. കഥയിൽ കടന്നുവരുന്ന പ്രധാന ലക്ഷകങ്ങളെ അപഗ്രഥനം നടത്തുകയാണ് തുടർന്ന് ചെയ്യുന്നത്.
കഥയിലെ സങ്കല്പനലക്ഷകങ്ങൾ
" ഞാൻ നിരാശനാണ്. ചില നേരങ്ങളിൽ സങ്കടം കൊണ്ട് ഞാൻ കൂനിപ്പോവാറുണ്ട് " (105) എന്ന വാചകത്തോടെയാണ് കഥ ആരംഭിക്കുന്നത്. മുമ്പ് സൂചിപ്പിച്ച ലക്ഷ്യലക്ഷകങ്ങൾക്കുള്ള ഉദാഹരണം തന്നെയാണ് ഇത്. സങ്കടം എന്ന വികാരത്തെ ഭാരമുള്ള ഒരു വസ്തുവായി സങ്കല്പനം ചെയ്തുകൊണ്ടും ഈ വാചകത്തെ കാണാവുന്നതാണ്. സദാസമയം കായികമായ ഭാരം പേറി നടക്കുകയും ഒടുക്കം ക്ഷീണിച്ചവശനായി കൂനിപ്പോവുകയും ചെയ്യുന്ന അവസ്ഥയുമായി ബന്ധിപ്പിച്ചുകൊണ്ട് സങ്കടം എന്ന വികാരത്തെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. മനുഷ്യർ ആർജിക്കുന്ന അറിവുകളിൽ നല്ലപങ്കും മനുഷ്യകേന്ദ്രീകൃതമായിട്ടാണെന്ന് ലക്കോഫ് വ്യക്തമാക്കുന്നുണ്ട്. ലക്ഷ്യലക്ഷകങ്ങളെല്ലാം തന്നെ അത്തരമൊരു ജ്ഞാനപശ്ചാത്തലത്തിൽ നിന്നു കൊണ്ട് രൂപപ്പെടുത്തുന്നതാണ്. അതുപോലെ മനുഷ്യശരീരത്തെ ഒരു പാത്രമായി കണ്ടുകൊണ്ട് ശരീരത്തിനുള്ളിൽ ശരീരത്തിനു പുറത്ത് എന്നിങ്ങനെ വേർതിരിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്ന വിധത്തിലാണ് "എന്റെ കാലുകളിൽനിന്നും നടക്കുവാനുള്ള മിടുക്ക് ആരോടും ചോദിക്കാതെ ഇറങ്ങിപ്പോവുന്നത് " (105) എന്നു പറയുമ്പോൾ കാണാൻ സാധിക്കുന്നത്. കൂടാതെ മിടുക്ക് എന്ന ശേഷിയെ ചോദിക്കാതെയും പറയാതെയും വരികയും പോവുകയും ചെയ്യുന്ന ഒരു വ്യക്തിയുമായി ബന്ധിപ്പിച്ചു കൊണ്ടും അർഥത്തെ സങ്കല്പനം ചെയ്തിരിക്കുന്നു.
"നിങ്ങളുടെ മുഖമെന്താണിങ്ങനെ തണുത്തുറഞ്ഞിരിക്കുന്നതെന്ന് ഒരാൾ ചോദിച്ചാൽ ഞാൻ അയാളുടെ മുന്നിൽനിന്നും രക്ഷപെടാനുള്ള ശ്രമങ്ങൾ നടത്തും" (105). ഇവിടെ മുഖത്തെ ഒരു പാത്രത്തിലെ ജലവുമായി ഇണക്കുന്നു. ജലം അതിന്റെ സ്വഭാവിക അവസ്ഥയിൽ സ്ഥിതിചെയ്യുമ്പോൾ പാത്രത്തിന്റെ ചലങ്ങൾക്കനുസരിച്ച് പാത്രത്തിൽ യഥേഷ്ടം ചലിക്കുന്നു. കൂടാതെ എളുപ്പത്തിൽ മറ്റ് പാത്രത്തിലേക്ക് പകരുവാനും കൂടുതൽ ചേർക്കാനും കഴിയുന്നു. എന്നാൽ ഉറഞ്ഞിരുന്നാൽ ഇതൊന്നും കഴിയില്ല. ഇവിടെ സ്രോതസ്തലമായി വർത്തിക്കുന്നത് ഈ ആശയമാണ്. ഇതു പോലെതന്നെയാണ് നിരാശയോടുകൂടിയ വ്യക്തിയുടെ മുഖത്ത് യാതൊരു ഭാവമാറ്റങ്ങളോ വികാരങ്ങളോ ഒന്നുംതന്നെ കാണാൻ സാധിക്കില്ല. മുഖത്തെ പേശികൾ ചലിക്കാതെ വലിഞ്ഞുമുറുകി ഒരേ അവസ്ഥയിൽ തന്നെയാവും ഉണ്ടാവുക. ഇവിടെ മുഖം ലക്ഷ്യതലമാണ്. ഇതോടൊപ്പം ചേർത്തു വായിക്കാവുന്ന മറ്റൊരു ലക്ഷകമാണ് "ഓരോ ചോദ്യങ്ങളായി ചോദിച്ചുകൊണ്ട് മുഖത്തെ മൂടി നിൽക്കുന്ന മഞ്ഞഴിക്കുവാൻ ശ്രമിക്കും" (105) എന്ന വാചകത്തിലും കാണുന്നത്.
മനുഷ്യർ ജീവിതത്തെ ഒരു യാത്രയുമായി ബന്ധിപ്പിച്ചാണ് മസ്സിലാക്കുന്നതെന്ന് യാത്രാലക്ഷകങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോൾ ലക്കോഫ് വ്യക്തമാക്കുന്നു. അതായത് മുന്നോട്ടുള്ള പോക്കാണ് യാത്ര. യാത്രയിൽ പല ലക്ഷ്യങ്ങളും പല മാർഗ്ഗങ്ങളും ഉണ്ടാവും. ഇതു തന്നെയാണ് ജീവിതത്തിലും സംഭവിക്കുന്നത്. ഇവിടെ കഥയിൽ ഒരു യാത്രാലക്ഷകമായി കടന്നു വരുന്ന പ്രയോഗമാണ് "കണ്ണുകൾ വഴിയറിയാതെ മുടന്തും " (105) എന്നത്. ശരീരത്തെ മുന്നോട്ടു നയിക്കുന്നത് കാഴ്ചയാണ്. ജീവിതംതന്നെ ഒരു യാത്രയാണ് എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ നിന്നുകൊണ്ടേ ഈ പ്രയോഗത്തെ മനസ്സിലാക്കാൻ കഴിയൂ.
മനുഷ്യശരീരവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കുന്നതുപോലെ തന്നെ പ്രധാനമാണ് മനുഷ്യലക്ഷകങ്ങൾ ഉപയോഗിക്കുന്നതും. "തീവണ്ടി ആപ്പീസിന്റെ ഇരുട്ട് വാതിലിലൂടെ നടന്നു വരുമ്പോൾ ഇരു കൈകൾ പോലെ നീണ്ടു നിവർന്ന പാളങ്ങൾ എന്നെ ഉറക്കത്തിൽനിന്ന് എണീറ്റുനോക്കി. അവർ വീണ്ടും കിടന്നു " (106). ഇവിടെ രണ്ടിടത്തായി പാളങ്ങളെ മനുഷ്യനുമായി ബന്ധിപ്പിച്ചു കൊണ്ട് സങ്കല്പനം ചെയ്യുന്നു. അതിലൂടെ പ്രയോഗത്തിന് കൂടുതൽ അർഥ തീവ്രതയുണ്ടാക്കാൻ എഴുത്തുകാരൻ ശ്രമിക്കുന്നു. " പ്ലാറ്റ്ഫോമിലെ ഒഴിഞ്ഞചാരു ബഞ്ചുകളിൽ കിടന്നിരുന്ന ഇരുട്ടിലേക്ക് ഇരുന്നു " (106), "ചെറിയ വെളിച്ചങ്ങൾ " (106), ''മറ്റാരുമില്ലാത്ത ഒരു ചെറിയ സ്റ്റേഷൻ " (106), "ഞാൻ പുസ്തകങ്ങളെ മറന്നിരുന്നു'' (107) എന്നീ പ്രയോഗങ്ങളിലെല്ലാം മനുഷ്യലക്ഷകങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.
ഇവയ്ക്കു പുറമെ സ്ഥലപരമായ ആശയങ്ങൾ വ്യക്തമാക്കുന്ന ലക്ഷ്യലക്ഷകങ്ങൾ കടന്നുവരുന്ന പ്രയോഗങ്ങളാണ് :
* "അയാൾ അടുത്തേക്ക് ചേർന്നു നിന്നു "(106).
* "എപ്പോഴെങ്കിലും ജീവിതത്തെ നിങ്ങൾ അടുത്തുനിന്ന് നോക്കിയിട്ടുണ്ടോ?" (107)
* "തീവണ്ടിയുടെ ശബ്ദം ദൂരെ ഇരുട്ട് മൂളി വന്നപ്പോൾ അയാൾ പറഞ്ഞു " (107).
* "ജീവിതത്തിന്റെ ഗന്ധത്തോളം ആഴമുള്ളതായി മറ്റൊന്നുമില്ല" (107). ഇവിടെ ഗന്ധം എന്ന ഇന്ദ്രിയാനുഭവത്തെ ഭൗതികവും സ്ഥലപരവുമായ ഒരു ആശയവുമായി ഘടനാപരമായി കൂട്ടിയിണക്കുന്ന മറ്റൊരു ലക്ഷകവും ഉള്ളടങ്ങിയിരിക്കുന്നു. ഇത്തരത്തിൽ അകലെ - അടുത്ത്, മുകളിൽ - താഴെ, മുന്നിൽ - പിന്നിൽ, എന്നിങ്ങനെ പലതരത്തിലുള്ള ലക്ഷ്യലക്ഷകങ്ങൾ കഥയിൽ ഉപയോഗിച്ചിരിക്കുന്നു.
കഥ അവസാനിക്കുന്നത് "ദൂരെ, രാത്രിയുടെ വളവു തിരിഞ്ഞ്, തീവണ്ടിയുടെ മസ്തകം മുന്നിലേക്കു നീട്ടിയ വെളിച്ചത്തിന്റെ ഒറ്റക്കൊമ്പിൽ ഞങ്ങൾ ആദ്യമായി തെളിഞ്ഞു കണ്ടു " (107) എന്നു പറയുന്നിടത്ത് "മസ്തകം'', "ഒറ്റക്കൊമ്പ് '' എന്നീ വാക്കുകളിലൂടെ മൃഗലക്ഷകമാണ് എഴുത്തുകാരൻ ഉപയോഗിക്കുന്നത്. ജീവനില്ലാത്ത ഒരു വസ്തുവിനെ മനുഷ്യലക്ഷകമുപയോഗിച്ച് ജീവനുള്ളതായി സങ്കല്‌പനം ചെയ്യുന്നതിന് സമാനമാണ് മ്യഗലക്ഷകങ്ങളുടെ പ്രയോഗവും.
കഥയിലെ ബിംബലക്ഷകങ്ങൾ
ഒരു വസ്തുവിനെ മറ്റൊരു വസ്തുവുമായി ദ്യശ്യപരമായി അടയാളപ്പെടുത്തുന്നതിനെയാണ് ബിംബലക്ഷകമായി കരുതുന്നതെന്ന് സൂചിപ്പിച്ചു. കാഴ്ചയ്ക്കാണ് ഇവിടെ പ്രാധാന്യം. കഥയെ കാഴ്ചയുടെ അനുഭവമാക്കാൻ ശ്രമിക്കുന്ന ബിംബലക്ഷകങ്ങളിൽ ഉപമയാണ് സാധാരണ ഉപയോഗിക്കുന്നത്. നന്തനാരുടെ ആട്ടിൻകുട്ടി എന്ന കഥയിലും ഉണ്ണി ആർ. ഉപമകളിലൂടെയാണ് ബിംബലക്ഷകൾ സ്യഷ്ടിക്കുന്നത്. ബിംബലക്ഷകങ്ങൾക്ക് പര്യായമായിട്ട് അതിനാൽ ഉപമയെ സ്വീകരിക്കാമെന്നും പി.എം.ഗിരീഷ് അഭിപ്രായപ്പെടുന്നു (2018: 90). ഈ കഥയിൽ അംശ -സാകല്യങ്ങളുടെ അടിസ്ഥാനത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാനപ്പെട്ട ബിംബലക്ഷകങ്ങൾ ഇവയാണ്:
* "പാറക്കെട്ടുകൾക്കിടയിൽ പെട്ടുപോയൊരു പാമ്പിനെ ഓർമിപ്പിച്ചു കൊണ്ട് നാവ് എന്നെ ഒഴിവാക്കും" (105).
* "സന്തോഷിക്കാൻ, പാട്ടുപാടാൻ, രതി ചെയ്യാൻ കഴിയുന്നതു പോലെ ഒരാൾക്ക് നിരാശപ്പെടാനും കഴിയും" (105).
* "ശരീരത്തിൽനിന്നും നീരാവിപോലെ ഉയരുന്ന രക്ഷപെടാനുള്ള ആഗ്രഹം അയാൾ മനസ്സിലാക്കുകയേ ഇല്ല" (105).
* " ശ്വാസം പുറമേക്കു വരാൻ മടി കാണിക്കുന്ന പെണ്ണിനെപ്പോലെ ഒളിക്കാൻ ശ്രമിക്കും" (105).
* "കൈകൾ പോലെ നീണ്ടു നിവർന്ന പാളങ്ങൾ " (106).
* " നിരാശനായ ഒരാളെ ലോഹചക്രങ്ങൾക്ക് കുരുതിയെന്ന പോലെ ഒളിപ്പിച്ചു വെയ്ക്കുന്നതിന്റെ ഗൂഢ രഹസ്യം " (106).
ജീവിതത്തിൽ കടുത്ത നിരാശ ബാധിച്ച് ആത്മഹത്യ ചെയ്യാനായി നടക്കുന്ന കഥാപാത്രത്തെക്കുറിച്ചും അയാളുടെ സാമൂഹികസാഹചര്യത്തെയും ചുറ്റുപാടുകളെക്കുറിച്ചും പറയുമ്പോൾ ഉപയോഗിക്കുന്ന പലതരത്തിലുള്ള ബിംബലക്ഷങ്ങളാണ് മുകളിൽ കാണുന്നത്. ഇവയിലെല്ലാം അംശ - സാകല്യങ്ങളുടെ ബന്ധത്തിലൂടെയാണ് അർത്ഥം സ്യഷ്ടിക്കുന്നത്. ഉദാഹരണങ്ങളിൽ യഥാക്രമം പാമ്പ്, സന്തോഷം - പാട്ട് - രതി, നീരാവി, പുറത്തേക്കു വരാൻ മടികാട്ടുന്ന പെണ്ണ്, കൈകൾ, കുരുതി എന്നിവ അംശവും നാവ്, നിരാശ, രക്ഷപെടാനുള്ള ആഗ്രഹം, ശ്വാസം, പാളങ്ങൾ, ഒളിപ്പിച്ചുവെയ്ക്കുക എന്നിവ സാകല്യവുമായാണ് കടന്നുവരുന്നത്. സങ്കല്പന വ്യവസ്ഥയെ ശക്തമായി ആവിഷ്കരിക്കാൻ ഈ അംശ - സാകല്യ ബന്ധങ്ങൾക്കു കഴിയുന്നു. അതുകൊണ്ടുതന്നെ കഥാസന്ദർഭങ്ങളിൽ കൂടുതൽ അർഥതീവ്രത കൊണ്ടുവരാനും വായനക്കാരെക്കൊണ്ട് കൂടുതൽ ചിന്തിപ്പിക്കുവാനും സാധിക്കുന്നതാണ് ബിംബലക്ഷകങ്ങൾ എന്നു കാണാം.
ഉപസംഹാരം
'സാഹിത്യവും സങ്കല്പനവും: ധൈഷണികഭാഷാശാസ്ത്ര അപഗ്രഥനം ' എന്ന ഈ പ്രബന്ധത്തിലൂടെ ധൈഷണികഭാഷാശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട ധൈഷണികവൃത്തികളിലൊന്നായ ലക്ഷകസിദ്ധാന്തം ഉപയോഗിച്ച് സാഹിത്യത്തിലെ ഭാഷയെക്കുറിച്ച് പഠിക്കാനാണ് ശ്രമിച്ചത്. അതിനായി അപഗ്രഥന വിധേയമാക്കിയത് ഉണ്ണി ആറിന്റെ "നന്തനാരുടെ ആട്ടിൻകുട്ടി " എന്ന കഥയാണ്. അപഗ്രഥനത്തിലൂടെ കണ്ടെത്തിയ പ്രധാനപ്പെട്ട ആശയങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം. ഒന്ന്, കഥയിലുടനീളം സങ്കല്പനലക്ഷകങ്ങളുടെയും ബിംബലക്ഷകങ്ങളുടെയും പ്രയോഗം കാണാം. ലക്ഷകങ്ങളിൽ മനുഷ്യലക്ഷകം, മൃഗലക്ഷകം, പാത്രലക്ഷകം, ലക്ഷ്യലക്ഷകം എന്നിങ്ങനെ പലതരത്തിലുള്ള ലക്ഷകങ്ങളുണ്ടെങ്കിലും ജീവനില്ലാത്ത വസ്തുക്കളിൽ പോലും മനുഷ്യലക്ഷകവും മൃഗലക്ഷകവും ഉപയോഗിച്ച് സങ്കല്പനം നടത്താനുള്ള കഥാക്യത്തിന്റെ ശ്രമം കാണാം. മനുഷ്യകേന്ദ്രീക്യതമായ ഒരു ലോക ബോധത്തിൽ നിന്നുകൊണ്ട് മറ്റുളളവയെ നോക്കിക്കാണുന്നതിന്റെ ഭാഗമായിട്ടാണ് ഇത് സംഭവിക്കുന്നതെന്ന് പറയാൻ കഴിയും. രണ്ട്, ലക്കോഫ് വ്യക്തമാക്കുന്ന ബിംബലക്ഷകങ്ങളും ഉണ്ണി ആർ. കഥയിൽ ഉപയോഗിക്കുന്നു. അലങ്കാരങ്ങളുടെ ഭാഗമായി നില്ക്കുന്ന ബിംബലക്ഷകങ്ങൾ ഉപമ ഉപയോഗിച്ചുകൊണ്ടാണ് ചിന്തയുടെ പുതിയ തലങ്ങൾ സ്യഷ്ടിക്കാൻ ശ്രമിക്കുന്നത്. ഇത്തരത്തിൽ ലക്ഷകസിദ്ധാന്തം ഉപയോഗിച്ചുകൊണ്ട് സാഹിത്യത്തെക്കുറിച്ച് പഠിക്കുന്നതിൽനിന്നും സാഹിത്യ പഠനത്തിന് ഭാഷാശാസ്ത്രത്തെയും ഫലപ്രദമായി ഉപയോഗിക്കാം എന്നും വ്യക്തമാകുന്നു.


സഹായകഗ്രന്ഥസൂചി
ഉണ്ണി, ആർ. 2018. വാങ്ക്, കോട്ടയം: ഡി. സി. ബുക്സ്.
ഗിരീഷ്, പി. എം. 2012. അറിവും ഭാഷയും ധൈഷണികഭാഷാശാസ്ത്രം: ആമുഖം, തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
.................................. 2018. 'എഴുത്ത് നുണയാണെങ്കിൽ വായന മോഷണമാണ്'. വി. എച്ച്. നിഷാദ്. മിസ്സിസ് ഷെർലക് ഹോംസ് , കോഴിക്കോട്: മാതൃഭൂമി ബുക്സ്.
.................... (എഡി.). 2018. ഭാഷാശാസ്ത്രം ചോംസ്കിക്കുമപ്പുറം, തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
Lakoff, George & johnson.1980/2003. Metaphors We Live by, Chicago: Chicago University Press.










Previous PostOlder Post Home

0 comments:

Post a Comment